വാഷിംഗ്ടൺ ഡിസി: ഫെഡറൽ ഷട്ട്ഡൗൺ തുടരുകയാണെങ്കിൽ അമേരിക്കയിലെ 40 പ്രധാന വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ 10 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രാലയം സെക്രട്ടറി ഷോൺ ഡഫിയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേറ്റർ ബ്രയാൻ ബെഡ്ഫോർഡും മുന്നറിയിപ്പ് നൽകി.
എയർ ട്രാഫിക് കൺട്രോളർമാർ വ്യാപകമായ ജോലിഭാരവും ക്ഷീണവും അനുഭവിക്കുന്നതാണ് ഈ തീരുമാനത്തിന് പ്രധാന കാരണം. ഈ നടപടി വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നേക്കാം.
ഷട്ട്ഡൗൺ തുടർന്നാൽ, വിമാന നിരക്കുകളിൽ നേരിയ കുറവുകൾ ആരംഭിച്ച് അടുത്ത ആഴ്ചയോടെ 10 ശതമാനം കുറയാൻ സാധ്യതയുണ്ട്. ഇതോടെ പ്രതിദിനം 3,500 മുതൽ 4,000 വരെ ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിമാനയാത്ര സുരക്ഷിതമാണെന്ന് ഡഫി വ്യക്തമാക്കിയെങ്കിലും സുരക്ഷിതമായ വിമാനസഞ്ചാരം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ തീരുമാനങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.